ബുധനാഴ്‌ച, ഡിസംബർ 28, 2011

കളങ്ങള്‍ എന്ന മാസ്മരിക ചുവട്

            ശരീരത്തിന്റെ ബാലന്‍സ് നിലനിറുത്തിക്കൊണ്ട് ചില പ്രത്യേക രീതികളില്‍ മുന്നോട്ടോ,പിന്നോട്ടോ,ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലെക്കൊ -ശത്രുവിന്റെ മര്‍മ്മസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി അടിക്കുകയോ,ഇടിക്കുകയോ,വെട്ടുകയോ,കൊളുത്തിവലിക്കുകയോ ചെയ്യാന്‍ വേണ്ടി -കയറുകയും,ഇറങ്ങുകയും ചെയ്യുന്നതിനെയാണ് "കളങ്ങള്‍ " എന്ന് പറയുന്നത്.ഇതിന് ചിലര്‍ ചുവട് എന്നും പറഞ്ഞു വരുന്നുണ്ട്.
                   ഒന്ന് മുതല്‍ അറുവത്തിനാല് കളങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.കളങ്ങള്‍ മുഴുവനും ശാസ്ത്രീയമായിട്ടും വ്യക്തമായും പഠിച്ച ഒരായോധന വിദ്യാര്‍ത്ഥിക്ക് അഭ്യാസങ്ങള്‍ എത്ര ചെയ്താലും തീരില്ല എന്നതാണ് ഇതിന്റെ ഗുണം. അഭ്യാസങ്ങള്‍ എന്ന് പറയുമ്പോള്‍ കാഴ്ച്ചപ്പയറ്റല്ല,ആന്തരിക വിദ്യകളാണ് തീരില്ല എന്ന് പറഞ്ഞത് .ഒരു വിദ്യക്ക് പതിനെട്ട് ഭാഗങ്ങള്‍ ഉണ്ട്.അതായത് ഒരു പിടിമുറയില്‍ ഒരാളെ ബന്ദ് ചെയ്താല്‍ അതിനൊരു ഒഴിവുണ്ട്.ആ ഒഴിവിന് വീണ്ടും ഒരു ബന്ധനം.അതിന് മറ്റൊരു ഒഴിവ് .അതിന് വീണ്ടും ....... ഇങ്ങനെ പതിനെട്ട് എണ്ണം.എവിടെ തീരുന്നു അഭ്യാസം.     
                          ഒരു കാല്‍ മുന്നില്‍ വെച്ചാല്‍ അതിന് പതിനെട്ട് പ്രയോഗങ്ങള്‍ ഉണ്ടായിരിക്കും.അതാണ്  പതിനെട്ടടവ് എന്ന് പറയുന്നത്.അല്ലാതെ പതിനെട്ട് മുറകള്‍ക്കെല്ലാ.ഇന്ന് ഏതാണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം കളരികളിലും പതിനെട്ട് മുറകള്‍ പഠിപ്പിച്ച് ഇതാണ് പതിനെട്ടടവുകള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്.അതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം. ഏതൊരു പ്രവര്‍ത്തിക്കും രണ്ട് വശമുണ്ട്.ഒന്ന് ബാഹ്യമായിട്ടുള്ളത്.രണ്ടാമത്തേത് ആന്തരികമായിട്ടുള്ളതും.കളരിയുടെ ആന്തരിക വശമറിഞ്ഞ ഒരാള്‍ -അയാളോട്  സകറാത്തുല്‍ മൌത്തിന്റെ സമയത്ത് (മരണ സമയത്ത്) കളരി എന്ന് പറയപ്പെട്ടാല്‍ അയാള്‍ കണ്ണ് തുറന്ന് നോക്കുമെന്ന് ഞങ്ങളുടെ ഗുരുഭൂതര്‍ പറയാറുണ്ടായിരുന്നു.
                         പയറ്റ് മുറയിലെ പ്രധാന ഇനമായ ഒറ്റപ്പയറ്റിലെ ചുവടുകള്‍  64 എണ്ണമാണ് എന്ന് ഇതിന്നു മുംബ് പറഞ്ഞിരുന്നല്ലോ.കളവും  64 എണ്ണമാണ്.അപ്പോള്‍ തന്നെ കളങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുമല്ലോ.എല്ലാ വിദ്യകളെയും പോലെ ഇതിനെയും പല ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.
1.ഒറ്റച്ചുവട് :  ഇടത് കാല്‍ മാറ്റാതെ അല്ലെങ്കില്‍ വലത് കാല്‍ മാറ്റാതെ അടുത്ത കാല്‍ ചില പ്രത്യേക രീതികളില്‍ അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി നാലു ഭാഗത്തേക്കും ചില പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍ .
2.ഇരട്ടച്ചുവട് :  രണ്ട് കാലും പ്രത്യേക രീതികളില്‍ രണ്ട് കളത്തില്‍ (സ്റ്റെപ്പ്) അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി കഴറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍.
3.മുച്ചുവട്: രണ്ട് കാലും മൂന് കളങ്ങളില്‍ പ്രത്യേക രീതിയില്‍ തിരിഞു കയറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവട്.
4.കൂട്ടച്ചുവട്:  രണ്ട് കാലുകളും യഥേഷ്ടം നിശ്ചിത കളങ്ങളില്‍ കയറി ഇറങ്ങി പ്രയോഗങ്ങള്‍ നടത്താനുള്ള ചുവട്.
5.പേരിക്കച്ചുവട്:  ഗുണന രൂപത്തില്‍ കയറി ഇറങ്ങി പ്രയോഗം നടത്താനുള്ള ചുവട്.
6.കുഴിച്ചുവട്:   ഒരു പ്രത്യേക തരം ചുവടുകള്‍  .
7.തട്ടുമാര്‍മ്മച്ചുവട്:  പ്രധാനപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനുള്ള ചുവടുകള്‍.
8.പാച്ചില്‍ച്ചുവട്:  എതിരാളികളുടെ ആക്രമണ സ്വഭാവം മനസ്സിലാക്കി കൂട്ടത്തിലേക്ക് കയറി ആക്രമിക്കാനുള്ള ചുവട്.
അങ്കച്ചുവട്,ചതുരച്ചുവട്,ചൊട്ടച്ചാണ്‍ ചുവട്,നീട്ടചുവട് തുടങ്ങി ഒട്ടനേകം വിവിധ രീതികളിലുള്ള കളങ്ങള്‍ പ്രയോഗത്തിലുണ്ട്.കുഴിച്ചുവട് എന്നത് ഒരു ചുവടല്ല.അതില്‍ ഒരുപാട് ചുവടുകള്‍ ഉണ്ട്.അങ്ങനെയങ്ങനെ എത്ര ചുവടുകള്‍  .  




തിങ്കളാഴ്‌ച, ഡിസംബർ 05, 2011

കളരികളിലെ കാല്‍പ്പയറ്റുകള്‍

 എത്ര ചടുല വേഗതയിലുള്ള ചലനങ്ങളിലും ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റാതെ ഒരു ചുവടില്‍നിന്ന് മറ്റൊരു ചുവദിലേക്ക് നീങ്ങാനും,ഏത് നീക്കത്തിന്നും ചാട്ടത്തിന്നു ശേഷവും ചുവടുറപ്പ് നഷ്ട്ടപ്പെടാതെ പുതിയ നിലകള്‍ കൈകൊള്ളാനും സാധിക്കാന്‍ കാലുകളുടെ പ്രാധാന്യം വളരെ വിലപ്പെട്ടതാണ്.കാലുകളാണ് മനുഷ്യശരീരത്തിന്റെ ആധാരം.അതിനാല്‍ കളരിപ്പയറ്റില്‍ കാലുകള്‍ക്ക് പ്രത്യേകമായി തന്നെ ചില എക്സര്‍സൈസ് അഥവാ അഭ്യാസങ്ങള്‍ ഉണ്ട്.വെറും കൈകള്‍ കൊണ്ട് ശത്രുവെ ഏതല്ലാം വിധത്തില്‍ എതിര്‍ക്കാന്‍ കഴിയുമോ അതെ പ്രകാരത്തില്‍ കാലുകള്‍ കൊണ്ട് എതിര്‍ക്കുവാന്‍ കഴിവുണ്ടാക്കുന്ന വിധത്തിലുള്ള പരിശീലനങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
കാലുകള്‍ക്കൊണ്ട് അടിക്കുവാനും,തടുക്കുവാനും,എതിരാളിയെ മറ്റുവിധത്തില്‍ വീഴ്ത്തുവാനും ഒക്കെ കഴിവുണ്ടാക്കുന്ന പരിശീലനമാണിത്.    കാലുകള്‍ പോക്കികൊണ്ട് അഭ്യാസങ്ങള്‍ ചെയ്യുമ്പോയും ചുവടുകല്‍ക്കുള്ള ബലം ലേശം പോലും നഷ്ട്ടപ്പെടാതെ കാല്‍താഴ്ത്തി വെക്കുമ്പോയെക്കും കൃത്യമായ ചുവടുകളില്‍ നിലയുറപ്പിക്കാന്‍ കഴിയുന്നു.കാല്‍ പയറ്റിലെ നിരന്തരമായ പരിശീലനമാണ് കാലുകള്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നത്.  മാത്രമല്ല കാലുകളുടെ സ്ഥിതിമാറ്റം കൊണ്ട് തന്നെ കുത്തുകള്‍ ,വെട്ടുകള്‍,അടികള്‍  മുതലായ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിവുണ്ടാകും.കളരികളില്‍ അനേകം കാല്‍പ്പയറ്റുകള്‍ ഉണ്ട് എങ്കിലും അത്യാവശത്തിനുള്ളത് മാത്രമേ പഠിപ്പിക്കുന്നത് കാണുന്നുള്ളൂ.
ചുരുക്കംചില കാല്‍പ്പായറ്റുകളുടെ പേരുകളും ചെറിയ വ്ശദീകരണവും താഴെ കൊടുക്കുന്നു.കളരികളില്‍ സാധാരണയായി എല്ലാ അഭ്യാസങ്ങളും പരിശീലിക്കുന്നത് കിഴക്ക് നിന്ന് പടിഞാറ് അഭിമുകമായിട്ടാണ്.
1.നേര്‍കാല്‍    :ഇടത് കാല്‍ മുന്നില്‍ വെച്ച് രണ്ട് ചാണ്‍ അകലത്തില്‍ വലത് കാല്‍ പിന്നില്‍ വെച്ച് രണ്ട് കയ്യും മേല്‍പോട്ട് പൊക്കി പിടിച്ച് വലത് കാല്‍ മുട്ട് നിവര്‍ത്തി കൊണ്ട് ചെസ്റ്റിന് തട്ടുന്ന വിധത്തില്‍ മേല്‍പോട്ട് പൊക്കി തായ്ത്തി പിന്നില്‍ കൊണ്ട് വന്ന് മുന്നില്‍ വെക്കുക.  
2.തിരിച്ചുകാല്‍   : നേര്‍കാല്‍ എടുക്കാന്‍ വേണ്ടി നിന്നത് പോലെ നിന്ന് വലത് കാല്‍ നേര്‍കാല്‍ എടുത്ത് തായ്ന്നു വരുമ്പോള്‍ നിലത്തു വെക്കാതെ നേരെ പിന്നിലേക്ക് ശരീരം തിരിഞു ആഭാഗത്തേക്കും കാല്‍ പൊക്കി തായ്ന്നു വരുമ്പോള്‍ വീണ്ടും പിന്നിലേക്ക് ശരീരം തിരിഞു കാല്‍ മുന്നില്‍ വെക്കുക.
3.വീതുകാല്‍      : നേര്‍കാല്‍ എടുക്കുന്നത് പോലെ നിന്ന് വലത് കാല്‍ ഇടത് ഭാഗത്ത് കൂടെ മലയാളത്തില്‍ "റ" എന്നെഴുതുന്നത് പോലെ എടുത്ത് മുന്നില്‍ വെക്കുക.
4.അകംകാല്‍   : ഇടത് കാല്‍ മുന്നില്‍ വെച്ചു നിന്നു വീത് കാല്‍ എടുത്തത്തിന്നു വിവരീതമായി വലത് കാല്‍ കറക്കിയെടുത്ത് മുന്നില്‍ വെക്കുക.
5.കോണ്‍കാല്‍  : വലത് നേര്‍കാല്‍ എടുക്കുന്നത് പോലെ നിന്ന് വലത് കാല്‍ നേര്‍കാല്‍ എടുക്കുന്നത് പോലെ ഇടത്ത് ഭാഗത്തേക്ക് പോക്കുക.
6.ഇരുത്തിക്കാല്‍ :  നേര്‍കാല്‍ എടുക്കുന്നത് പോലെ നിന്ന് വലത് കാല്‍ നേര്‍കാല്‍ എടുത്ത് നേരെ പിന്നിലേക്ക് ഇട്ട് അതില്‍ ഇരിക്കുക.ഇടത് കാല്‍ തറയില്‍ നിവര്‍ന്നിരിക്കും.
7.സൂചിക്കാല്‍ :   വലത് നേര്‍കാല്‍ എടുത്ത് നേരെ പിന്നിലേക്ക് ഇട്ട് (കാല്‍ അകത്തിവെച്ച്)രണ്ട് കാലും തരയിലേകമരത്തക്കവണ്ണം മുന്‍പിലേക്കും പിന്നിലേക്കും നീട്ടി ഇരിക്കുന്ന നില.
8.തിരിച്ചിരുത്തികാല്‍ : നേരെത്തെ തിരിച്ചു കാല്‍ എടുക്കുന്നത് പറഞ്ഞത് പോലെയെടുത്ത് ഇരുത്തിക്കാലില്‍ ഇരിക്കുന്നത് പോലെ ഇരിക്കുക.
9.ദിക്കുകാല്‍ :  നേര്‍കാല്‍ എടുക്കുന്നത് പോലെ എടുത്ത് തായ്ന്നു വരുമ്പോള്‍ ഒരുച്ചാണ്‍ ഇടത് കാല്‍ തിരിച്ച് വലത് കാല്‍ നിലത്ത് വെക്കാതെ വീണ്ടും നേര്‍കാല്‍ എടുക്കുക.ഇങ്ങനെ ഒരുകാലില്‍ എട്ട് ഭാഗത്തേക്കും കാല്‍ പോക്കുക.
10.അകംചുഴിചുകാല്‍ :  നേരെത്തെ പറഞ്ഞത് പോലെ ആകം  കാല്‍ എടുത്ത് ശരീരത്തിനു നേരെ എത്തുമ്പോള്‍ ഉള്ളം കാല്‍ കൊണ്ട് നേരെ മുന്നിലേക്ക് തള്ളി ഇടപ്പുറം തിരിഞു നില്‍ക്കുക.
11.പുറംകാല്‍ :  നിന്ന നിലയില്‍നിന്ന് വലത് കാല്‍ ഇടഭാഗത്ത് നിന്ന് വലഭാഗത്തേക്ക് പാദത്തിന്റെ പുറം ഭാഗം കൊണ്ട് അടിക്കുന്നതാണ് പുറം കാല്‍ .
12.ചക്ക്രകാല്‍ :  ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് രണ്ട് കയ്യും നിലത്ത് കുത്തലോട് കൂടി വലത് കാല്‍ മുട്ട് ഉയരത്തില്‍ ഇടത്തുകാലിന്റെ ഉള്ളില്‍കൂടെ എടുത്ത് കറക്കി വെക്കുക.
13.കത്തിരികാല്‍  :  ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് ഇദഭാഗത്തേക്ക് വലതുകാല്‍ പുറം കൊണ്ട് പിന്നില്‍കൂടെ എടുത്ത് അടിച്ച് മുന്നില്‍ വെക്കുക.
14.മലര്‍കാല്‍  :  വലത്തു കാലില്‍ കൈകുത്തി വലിഞ്ഞമാര്‍ന്ന് മുന്‍ഭാഗത്തേക്ക് വലത്തു കാല്‍ കൊണ്ട് മലരലോട് കൂടെ ഉപ്പൂറ്റികൊണ്ട് അടിച്ച് വെക്കുക.
15.പക്കുകാല്‍  :  മുന്നില്‍ വെച്ച കാല്‍ പിന്നോട്ടെടുക്കാതെ മുന്നോട്ട് നേര്‍ കാല്‍ എടുക്കുന്ന രീതിയില്‍ എടുത്ത് പിന്നില്‍ വെക്കുക.
16.പിന്‍കാല്‍ :  ഇടത്ത് കാല്‍ മുന്നില്‍ വെച്ച് നിന്ന് പിന്നിലുള്ള വലത്ത് കാല്‍ നേരെ പിന്നിലേക്ക് പൊക്കി മുന്നില്‍ വെക്കുക.
17.പടിഞ്ഞിരുത്തികാല്‍ :  ഇടത് കാല്‍ മുന്നില്‍ വെച്ച് വലത് കാല്‍ മുന്നിലേക്ക് വീത് കാല്‍ എടുത്ത് മുന്നില്‍ ചവുട്ടി അതില്‍ പൊങ്ങി ഇരുന്ന് കൈ കുത്തി കാല്‍ പിന്നിലേക്ക് പോക്കുക.
18.കോണ്‍ ഇരുത്തികാല്‍ :  ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് വലത് കാല്‍ ഇടത് കോണ്‍കൊള്ള എടുത്ത് തിരിഞു പിന്നിലേക്ക് വെച്ച് ഇടത് കാല്‍ നീട്ടിവെച്ച് വലത് കാലില്‍ ഇരിക്കുക.
19.പകര്‍ന്നുകാല്‍ :     വിവിധ രീതികളിലുള്ള കാലുകള്‍ നിലത്ത് വെക്കാതെ തുടര്‍ച്ചയായി ചെയ്യുന്നത്.
20.തിരിഞ്ഞു ചാടി വീശിക്കാല്‍ :   ഇടത് കാല്‍ മുന്നില്‍ വെച്ച് നിന്ന് ശേഷം നിലത്ത് നിന്ന് പൊങ്ങലോടുകൂടെ മുന്‍ഭാഗത്തേക്ക് വലത്ത് കാല്‍ ഉപ്പൂറ്റി കൊണ്ട് വീശിയടിച്ച് പിന്നില്‍ വെക്കുക.
ഇതിലെ കാലുകള്‍ ഇനിയും അനേകം ഉണ്ട്.വ്യക്തമായി ഗുരുമുകത്ത് നിന്നും പഠിക്കേണ്ടതാണ്.
‍  ‍‍‍‍

ശനിയാഴ്‌ച, ഡിസംബർ 03, 2011

കളരികളിലെ വടിവുകള്‍

കളരികളിലെ വടിവുകള്‍
  
  ചില ചുവടുകള്‍ അംഗീകരിച്ച് കൊണ്ട് ആക്കത്തോടുകൂടി നിലയുറപ്പിക്കുന്ന സംബ്രദായങ്ങളെയാണ് വടിവുകള്‍ എന്നുപറയുന്നത്. ശത്രുവിന്‍റെ ആക്രമണത്തെ പ്രധിരോധിക്കുന്നതിന്നു വേണ്ടിയും തിരിച്ചു ആക്രമിക്കുന്നതിന്നു വേണ്ടിയും ചിലഘട്ടങ്ങളില്‍ പ്രത്യേക നിലകള്‍ സ്വീകരിക്കേണ്ടി വരാറുണ്ട്.അത് പക്ഷികളുടെതും മൃഗങ്ങളുടെതും ആയ നിലകള്‍ ആവാം. ഈ നിലകളെയാണ് വടിവുകള്‍ എന്നു പറയുന്നതു.
         പ്രകൃതിയില്‍ കാണപ്പെടുന്ന പക്ഷിമൃഗാദികള്‍ ഇരപിടിക്കാനും തമ്മില്‍ പൊരുതാനും ഉപയോഗിച്ച് വരുന്ന രീതികളെ സസൂക്ഷ്മം പഠിച്ച് സന്ദര്‍ഭാനുസരണം അവയെ അനുകരിച്ച് ആവിഷ്കരിച്ചതായിരിക്കാം ഈ വടിവുകള്‍..   കളരിയഭ്യാസത്തിലെ പല പ്രയോഗങ്ങളും എറ്റവും ഫലപ്രദമായ രീതിയിലും,ആവശ്യമായ ബലവും ആക്കവും കൊടുത്തും ചെയ്യണമെങ്കില്‍ അതാതു പ്രയോഗങ്ങള്‍ക്കനുസൃതമായ വടിവുകള്‍ അവലംഭിച്ചുവേണം നീക്കങ്ങളും മറ്റും നടത്താന്‍.
   ആയുധപ്രയോഗങ്ങളും അതിസൂക്ഷ്മങ്ങളായ മര്‍മ്മപ്രയോഗങ്ങള്‍ പോലും അതത് വടിവുകള്‍ അവലംബിച്ച് പ്രയോഗിച്ചാലാണ് ഏറ്റവും ഫലപ്രദമാകുക. ചില മര്‍മ്മപ്രയോഗങ്ങള്‍ പോലും ഫലവത്താകണമെങ്കില്‍ വടിവുകള്‍ അവലംബിച്ച് ചെയ്യേണ്ടതായിവരും.
പ്രധാനപ്പെട്ട വടിവുകള്‍ താഴെ   

1.സിംഹ വടിവ്:  ഇത് സിംഹത്തിനെ അനുകരിച്ച് രൂപപ്പെടുത്തിയ നിലയാണ്.ഈ നിലയില്‍ ചില പ്രത്യേക പ്രയോഗങ്ങള്‍ ഉണ്ട്.ഈ പ്രയോഗത്തില്‍ മരണ സാത്യത കൂടുതലാണ്.സിംഹപ്പാചല്‍,സിംഹച്ചടക്കം എന്നിവ ഈ വടിവിലെ ചില പ്രയോഗങ്ങളാണ്.
2.സര്‍പ്പ വടിവ്:   ഇത് നാഗത്തിനെ അനുകരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഇതിലെ ചില പ്രയോഗത്തിലൂടെ നമ്മള്‍ക്കു ശത്രുവിനെ മാരകമായി ക്ഷതമേല്‍പ്പിച്ച് ആക്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ സാധിയ്ക്കുന്നു.
3.ഗജ വടിവ്:    ആനയുടെ നില.ഈ നിലയിലുറപ്പിച്ചാല്‍ ആനയുടെ കരുത്ത് കിട്ടും.നിന്ന നില്‍പ്പില്‍ നിന്നും അനങ്ങില്ല.ഈ നിലയില്‍ ശത്രുവിനെ മര്‍മ്മമേല്‍പ്പിച്ചാല്‍ മാറ്റമില്ല.ആനപ്പാച്ചല്‍,ആനച്ചടക്കം എന്നിവ ഇതിലെ പ്രധാന പ്രയോഗങ്ങളാണ്.
4.കുക്കുട വടിവ്:    കോഴിയുടെ നില.കോഴിപ്പോര് കണ്ടവര്‍ക്ക് ഇതിന്റെ ഇതിലെ പ്രയോഗങ്ങളുടെ തീവ്രത മനസ്സിലാകും.
5.മല്‍സ്യ വടിവ്:   മത്സ്യത്തിന്റെ നില.ഈ നിലയില്‍ ചില പ്രയോഗരീതികള്‍ ഉണ്ട്.ശത്രുവിന്റെ അടുത്തേക്ക് അടുക്കാനും അതില്‍ ചില പ്രയോഗങ്ങള്‍ നടത്താനും ഈ നില ഉപകരിക്കുന്നു.
6.വാനര വടിവ്:   കുരങ്ങിന്റെ നില.ശത്രുവിനെ നേരിടാനുള്ള ഒരുപാട് കാര്യങ്ങള്‍ ഇതിലുണ്ട്.ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്നും ഒഴിഞ്ഞ് തിരിച്ചാക്രമനത്തിനുള്ള പഴുതുകള്‍ ഈ നിലയില്‍ നിന്നു കിട്ടുന്നു.
7.വരാഹ വടിവ്:    പന്നി നില.പന്നി വാഴത്തോട്ടത്തില്‍ കഴറിയാളുള്ള അവസ്ഥ നമുക്കറിയുന്നതല്ലേ.അത് തന്നെയാണ് വരാഹ വടിവിലൂടെ ചെയ്യുന്നത്,പന്നിച്ചടക്കം,പന്നിപ്പാച്ചില്‍. ഇതൊക്കെ ഇതില്‍ ചെയ്യുന്ന ചില പ്രയോഗങ്ങളാണ്.
8.മാര്‍ജ്ജാര വടിവ്:   പൂച്ച നില.പൂച്ചയും പാമ്പും തമ്മിലെ പോര് നാം കാണാറുണ്ട്.പാമ്പിന്റെ ആക്രമണത്തെ എത്ര മനോഹരമായിട്ടാണ് പൂച്ച നേരിടുന്നത്.ഒപ്പം തിരിച്ച് കൊടുക്കുന്നതും.അത് തന്നെയാണ് മാര്‍ജ്ജാരവടിവിന്‍റെ ഗുണവും.
9.അശ്വ വടിവ്:    കുതിരയുടെ നില.അശ്വവടിവില്‍ കൊടും പ്രയോഗങ്ങളാണ്.കുതിരച്ചാട്ടം,ഒടുക്കക്കൈ എന്നിവ മാരകമാന്.മാറ്റമില്ല.
10.ശലഭ വടിവ്:   തേള്‍ നില.
11.വ്യാഘ്ര വടിവ്:    പുലിയുടെ നില.ഇരയെ പിടിക്കുമ്പോള്‍ പുലികള്‍ക്ക് ചില പ്രത്യേക പ്രയോഗങ്ങള്‍ ഉണ്ട്.ഒപ്പം ശക്തിയും.
12.ഗരുഡ വടിവ്:     പരുന്ത് നില.
13.ഹംസ വടിവ്:     ആരയണത്തിന്റെ നില.കാണാന്‍ പാവം.പക്ഷേ അത് കൊത്തിയാല്‍ മാരകം.
14.മയൂര വടിവ്:   മയില്‍ നില. 
വടിവുകളില്‍ നിലയുറപ്പിക്കാനും അതില്‍നിന്ന് നീക്കങ്ങളും മറ്റും ചെയ്യുന്നതിന്നു വളരെ സമയം വേണമെന്ന് നമുക്ക് സംശയം ഉണ്ടായിരിക്കും.എന്നാല്‍ നിത്യേനെയുള്ള പരിശീലനം കൊണ്ട് ആര്‍ക്കും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ചെയ്യാന്‍ സാധിയ്ക്കും. "വേഗതയില്‍ ചെയ്യാന്‍ സാധിക്കാത്ത വിദ്യകൊണ്ട് വിശിഷ്യാ ആയോധനവിദ്യാക്കൊണ്ട് ഒരു ഗുണവും ഇല്ല".