ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

എന്താണ് ആയോധനവിദ്യ -2



     നാല് ഭാഗങ്ങളായിട്ടാണ് കളരിപ്പയറ്റ് പരിശീലിപ്പിക്കുന്നത്.
1.മെയ്ത്താരി
2.കോല്‍ത്താരി
3.അങ്കത്താരി
4.വെറും കൈ                   എന്നിവയാണത്.

1.മെയ്ത്താരി:       മെയ്പ്പയറ്റാന് കളരിയുടെ അടിസ്ഥാന പരിശീലനം.ആക്രമണത്തെ നേരിടാനും ശരീരത്തെ പ്രധിരോധിക്കുന്നതിന്നു വേണ്ടിയും ശരീരത്തിന്നു ഏത് നില കൈകൊള്ളുന്നതിന്നും അവിശ്വസനീയ വേഗതയില്‍ ചാടാനും,തിരിയാനും,മറിയാനും,അതിശയകരങ്ങളായ ദ്രുതചലനങ്ങള്‍ സ്വായത്തമാക്കാനും ഈ പരിശീലനം കൊണ്ട് സാധിയ്ക്കുന്നു. കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ഒരേ വിധത്തിലുള്ള വേഗതയിലും സൂക്ഷ്മമായും ചെയ്യാന്‍ സാധിക്കുന്ന പ്രയോഗസിദ്ധി ഇതിലൂടെ നേടിയെടുക്കാന്‍ സാധിയ്ക്കും."മെയ് കണ്ണാകുക" എന്നതാണ് പയറ്റ് മൊഴി.കണ്ണടഞ്ഞു തുറക്കുന്ന വേഗതയില്‍ നീക്കങ്ങളും പ്രയോഗങ്ങളും ചെയ്ത് കഴിയണം എന്നതാണ് ഈ പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.
  മെയ്യിറക്കം,മെയ്യൊതുക്കം,മെയ്യടക്കം എന്നും ഇതിന്നു പറയുന്നുണ്ട്.ആയുധങ്ങള്‍ സമര്‍ത്തമായി ഉപയോഗിക്കുന്നതിന്നും വെറുംകൈകള്‍ക്കൊണ്ട് എതിരാളിയോട് പൊരുതുവാനും ആവശ്യമായ ദേഹസ്വാധീനം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം.അംഗലാഘവം,പ്രയോഗവേഗത,ദൃഷ്ട്ടികളുടെ ഏകാഗ്രത എന്നീ ഗുണങ്ങള്‍ ലഭിക്കുന്നു.
  മെയ്പ്പയറ്റ് എന്നുപറഞ്ഞാല്‍ ശരീരം കൊണ്ട് മാത്രം ചെയ്യുന്ന ഒരു പ്രത്യേകതരം മുറയാണ്.ഇതില്‍ ശത്രുവിന്‍റെ ആക്രമണങ്ങളെ പ്രധിരോധിക്കുന്നതോടൊപ്പംതന്നെ എതിരാളിക്ക് നേരെയുള്ള പ്രത്യാക്രമണങ്ങളുമാണ് ഇതില്‍ മുഖ്യമായും അടങ്ങിയിരിക്കുന്നത്.
 ചിട്ടപ്പെടുത്തിയ വഴിക്ക്രമത്തിലുള്ള വായ്ത്താരികല്‍ക്കനുസരിച്ചാണ് ഇത് പരിശീലിക്കുന്നത്.ഏതെങ്കിലും ഒരു ചുവടിനെ ആശ്രയിച്ച് കൊണ്ടുള്ള നീക്കത്തിന്നും മാറ്റത്തിന്നും അതില്‍ അടങ്ങിയിടുള്ള മറ്റ് പ്രയോഗങ്ങള്‍ക്കും കൂടി ഒരു "തൊഴില്‍ " എന്നു പറയുന്നു.ഇങ്ങനെയുള്ള പലവിധ ചുവടുകളെ ആശ്രയിച്ചുകൊണ്ടുള്ള കയറ്റങ്ങള്‍,ഇരക്കങ്ങള്‍,ചാട്ടങ്ങള്‍ തുടങ്ങിയ പ്രയോഗങ്ങളടങ്ങിയതിന്നു ഒരു "അറപ്പ് " എന്നു പറയുന്നു.ഇപ്പ്രകാരമുള്ള മൂന് മുതല്‍ ആറ് വരെയുള്ള അറപ്പുകള്‍ ചേര്‍ന്നതിന്നു ഒരു "അടവ്"എന്നു പറയുന്നു.കുറെ അടവുകള്‍ ചേര്‍ന്നതാണ് ഒരു "അടവ്".കുറെ അടവുകള്‍ ചേര്‍ന്നതിന്നു ഒരു "പയറ്റ് "എന്നു പറയുന്നു.
  മെയ്പ്പയറ്റിനെ പലവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
1.മെയ്പ്പയറ്റ്,    2.പകര്‍ച്ചക്കാല്‍ പയറ്റ്,    3.കൈകുത്തിപ്പയറ്റ്,   4.വെട്ടുംതഞ്ചംപ്പയറ്റ് എന്നിവ.

2.കോല്‍ത്താരി:        മൂര്‍ച്ചയില്ലാത്ത മരം കൊണ്ടും ചൂരല്‍ കൊണ്ടുമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള അഭ്യാസരീതിയെയാണ് കോല്‍ത്താരി പയറ്റ് മുറ എന്നു പറയുന്നതു.ഇതില്‍ ഒരുപാട് തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
a. ചൂരല്‍ വടി ഉപയോഗിച്ച് കൊണ്ടുള്ള ചില പയറ്റുകള്‍; 1.കെട്ടുകാരി വടിപ്പയറ്റ്, 2.പന്തീരാണ്‍ വടിപ്പയറ്റ്, 3.പന്തക്കെട്ടുകാരി വടിപ്പയറ്റ്, 4.പെരുംത്തല്ല് പയറ്റ്, 5.നെടുവടിപ്പയറ്റ്,6.ശരീര വടിപ്പയറ്റ്.
  ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ ഒരേ വണ്ണമുള്ളതും കൈപ്പിടിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുമാറ് ഏകദേശം അര ഇഞ്ച് വ്യാസം മാത്രമുള്ളതും ഒത്ത ഒരാളുടെ പാദം മുതല്‍ കഴുത്ത് വരെ നീളം വരുന്നതുമായ ചൂരല്‍ വടിയാണ് കെട്ടുകാരി എന്ന ആയുധം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.ചൂരളിന്മേലുള്ള കമ്പുകള്‍ ചെത്തിമിനുസപ്പെടുത്തി വടി കരിയാത്ത വിധം എണ്ണ തേച്ച് തീയില്‍ കാച്ചി വളവ് നിവര്‍ത്തിയാണ് ഇത് ശരിയാകിയെടുക്കുന്നത്.ഇതിന്‍റെ രണ്ടറ്റങ്ങളെ അമരമെന്നും,മുനയെന്നും സങ്കല്‍പ്പിക്കുന്നു.
  ശത്രുക്കളില്‍നിന്നും രക്ഷനേടാനുള്ള ഒരു പരിശീലനമാണ് പന്തീരാന്‍ വീശല്‍.. . .   ശരീരത്തിനുനേരെ നാലു ഭാഗത്തുനിന്നും വരുന്ന ആക്രമണങ്ങളെ മെയ് വഴക്കത്തോട് കൂടി മിന്നല്‍ വേഗതയില്‍ വടി കറക്കിയാല്‍ രക്ഷപ്പെടാനാകും.നിത്യേനയുള്ള പരിശീലനം കൊണ്ട് ഇത് സാധിച്ചെടുക്കാന്‍ കഴിയും.ഇതില്‍നിന്നും നമുക്ക് കിട്ടുന്ന നല്ലൊരു വശം ശത്രുക്കളില്‍ നിന്നും വടികൊണ്ട് വരുന്ന ഏത് അടിടെയും കുത്തിനെയും ഒരു ഭയവുമില്ലാതെ തടുക്കാനും ഒപ്പം തിരിച്ച് കൊടുക്കാനും കഴിയുമെന്നുള്ളതാണ്.

b.അടുത്തത് മരംകൊണ്ട് നിര്‍മിച്ച ചേറുവടിപ്പയറ്റാന് അഥവാ മുച്ചാണ്‍ പയറ്റ്.ഇതിന്നു കുറുവടിപ്പയറ്റ് എന്നും പറയും. വളരെ ദ്രുതഗതിയിലുള്ള നീക്കങ്ങളും ചുവടുകളുടെ മാറ്റങ്ങളും ഇതിന്‍റെ പ്രത്യേകതയാണ്.ഈ പയറ്റിന് ദേഹസ്വാധീനവും,മെയ് വഴക്കവും കൂടുതല്‍ വേണ്ടതുണ്ട്.പുളിമരത്തിന്റെ കമ്പാന് സാധാരണ ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.ഒപ്പം കാട്ടുനാരകവും,കാരയും ഉപയോഗിക്കുന്നുണ്ട്.
  ചെറുവടിയുടെ നീളം മൂന് ചാണ്‍ ആണ്.മാറടക്കി പിടിച്ചാല്‍ ഒരു പിടി കൂടുതല്‍.    ചെറുവടിയുടെ ഒരറ്റം ഒരു വിരല്‍ കനവും (ഒന്നര ഇഞ്ച്),മറ്റെ അറ്റം ഒന്നേകാല്‍ വിരല്‍ കനവുമാണ്.ഒരുട്ടി ചെത്തി മിനുസപ്പെടുത്തിയ വടികൊണ്ടാണ് ഇത് പയറ്റുക.ഈ വടിയുടെ കനം കൂടുതലുള്ള ഭാഗത്തെ അമരമെന്നും കനം കുറഞ്ഞ ഭാഗത്തെ മുന എന്നും പറയുന്നു.അമരഭാഗം പിടിച്ച് മുനഭാഗം കൊണ്ടാണ് പയറ്റുക.പ്രയോഗ സ്വാതന്ത്ര്യം കൂട്ടാനാണ് വടിയുടെ മുന്‍കനം കുറച്ച് നിര്‍മ്മിക്കുന്നത്."കാലും കോലും ഒരുമിച്ച് പോണം" എന്നതാണ് ഇതിലെ പയറ്റ് മൊഴി.ശരീരത്തിന്നു നേരെ വരുന്ന ഏത് അടിയെയും ഇതുകൊണ്ട് തടുക്കാന്‍ പഠിക്കുന്നതോടൊപ്പം ശരീരത്തിന്റെ ചില പ്രത്യേക സ്ഥലങ്ങളിലേക്ക് പ്രഹരിക്കാനും ഇതിലൂടെ പഠിക്കുന്നു.
c.കോല്‍ത്താരിയിലെ മറ്റൊരുയിനമാണ് "ഗദ പയറ്റ്".നല്ല ഉയരവും വണ്ണവും അതിന്നു തക്ക ശരീരബലവും ഉള്ളവര്‍ക്ക് ചേരുന്ന ഒരിനമാണിത്. എട്ടുകോണുകളോട്കൂടി മുരട്ടുതടിയുള്ളതും നിലത്തുനിര്‍ത്തിയാല്‍ തന്‍റെ ഹൃദയസ്ഥാനത്തോളം നീളമുള്ളതുമായ ഒരിനം ആയുധമാണ് ഗദ.
d. ഇതിലെ മറ്റൊരുയിനമാണ് ഒറ്റ പയറ്റ്. തടിക്കൊണ്ടുണ്ടാക്കപ്പെട്ടതും ഒരു പ്രത്യേക തരം വളവോടുകൂടിയതുമായ ആയുധമാണ് "ഒറ്റക്കോല്‍ ".ആയുധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനസ്ഥാനം ഒറ്റയ്ക്കാണ്.വെറും കൈകള്‍ക്കൊണ്ട് എതിരാളിയുടെ പ്രയോഗങ്ങളെ തടുത്ത് പ്രഹരങ്ങള്‍ ഏല്‍പ്പിക്കാനും മര്‍മ്മ സ്ഥാനങ്ങളില്‍ കൈ പ്രയോഗിക്കാനുള്ള അടിസ്ഥാന പരിശീലനവുമാണ് ഒറ്റ പയറ്റിലൂടെ കരസ്ഥമാക്കുന്നത്.
   ഇത് സൂക്ഷ്മതയോടും,മെയ് വഴക്കത്തോടും കൂടി ചെയ്യേണ്ട ഒരിനമാണ്.ഒറ്റ പയറ്റ് അഭ്യസിക്കുന്നതിന്നു മെയ് സ്വാധീനം,ഹസ്തലാഘവം,വേഗത,സൂക്ഷ്മദൃഷ്ട്ടി,പാദപ്പ്രവര്‍ത്തനപരിജയം എന്നിവ അത്യാവശ്യമാണ്.
   ഒറ്റ പയറ്റിത്തെളിഞ്ഞ ആളെ മാത്രമേ പണ്ടൊക്കെ അഭ്യാസിയായി കണക്കാകാറുള്ളൂവത്രെ.ഒറ്റ പയറ്റില്‍ "64"കോലുകളും(കോല്‍ക്കൊണ്ടുള്ള പ്രയോഗ രീതികള്‍ ) "64"ചുവടുകളും, "64" കൂലമര്‍മ്മങ്ങളിലുള്ള പ്രയോഗങ്ങളും, "64"കള്ളക്കോലുകളും അടങ്ങിയിരിക്കുന്നു." ഒറ്റയ്ക്കു ഉലയ്ക്കാം" "ഒടുവില്‍ ഒറ്റമതി എന്നാല്‍ എല്ലാമായി "എന്ന പയറ്റ് മൊഴികള്‍ സ്മരണീയമാണ്.
കുറുവടി ചെറുമം,തോട്ടി മുറ, മുച്ചാണ്‍ കെട്ടുകാരി എന്നിവയും കോല്‍ത്താരിയിനത്തിലെ പ്രത്യേക മുറകളാണ്.
3.അങ്കത്താരി:      കോല്‍ത്താരി കഴിഞ്ഞാല്‍ അടുത്ത ഘട്ടമാണ് കളരിപ്പയറ്റിലെ അങ്കത്താരി.ഇതില്‍ ഉപയോഗിക്കുന്നത് ലോഹങ്ങളെ കൊണ്ട് നിര്‍മിച്ച മൂര്‍ച്ചയുള്ള ആയുധങ്ങളാണ്.ചെറുതും വലുതുമായ ഒട്ടനവതി ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലിക്കുന്നു.
1.കത്തി:    കത്തിപ്പയറ്റ് പലരീതികളില്‍ പഠിപ്പിക്കുന്നു.സിംഗിള്‍ കത്തിയായിട്ടും ഡബ്ള്‍ കത്തിയായിറ്റും കത്തികൊണ്ട് കുത്തുംബോള് തോര്‍ത്തുകൊണ്ട് തടുക്കുന്നതും ഒക്കെ.ഇതില്‍ പ്രധാനമായി വിവിധ രീതികളിലുള്ള കുത്തുകളും അതിനു പലവിധ രീതികളിലുള്ള തടവുകളും ഒഴിച്ചിലുകളും പഠിപ്പിക്കുന്നു.
2.മറക്കഠാരം:     മുക്കാല്‍ അടി നീളമുള്ളതും അല്പ്പം വളവോട് കൂടി അറ്റം കൂര്‍ത്തതുമായ അലകും ഭുജത്തിന്റെ ഇരു ഭാഗങ്ങളും പകുതിയോളം മറയ്ക്കുന്ന കൈമറയുള്ള പിടിയും ആണ് ഇതിന്റെ ഭാഗങ്ങള്‍.  അലകും പിടിയും കൂടി ഒന്നര അടി നീളം.രണ്ടു വശങ്ങളും മൂര്‍ച്ചയുള്ളതും അറ്റം കൂര്‍ത്തതുമായ കഠാരം വെട്ടാനും വെട്ട് തടുക്കാനും കുത്താനും കൂത്ത് തടുക്കാനും ഉപയോഗിക്കുന്നു.വെട്ടുകളും കുത്തുകളും കഠാരം കൊണ്ട് തന്നെ തടുത്ത് പ്രത്യാക്രമണം നടത്തുകയാണ് ഇതുകൊണ്ടു ചെയ്യുന്നത്.
3.ഫെന്‍സിങ്:    വീതി കുറഞ്ഞു കൈ മറയോടുകൂടി  രണ്ടു വശങ്ങളും മൂര്‍ച്ചയുള്ളതും അഗ്രം കൂര്‍ത്തതുമായ ഏകദേശം ഒന്നേകാല്‍ മീറ്ററോളം നീളമുള്ള ഒരിനം വാളാണ് ഫെന്‍സിങ്.ഇതുകൊണ്ട് വെട്ടും കുത്തും അതിനെതിരിലുള്ള തടവും പഠിപ്പിക്കുന്നു.ഇന്ന് ഫെന്‍സിങ് മല്‍സര വേദികളില്‍ ഒരു ഇനമായി അന്താരാഷ്ട്രതലത്തില്‍ ഉള്‍പ്പെടുത്തിയിടുണ്ട്.
4.വാളും പരിജയും:     ഏകദേശം ഒന്നേകാല്‍ മീറ്ററോളം നീളമുള്ളതും പിടിയില്‍നിന്നും അഗ്രഭാഗത്തോട് അടുക്കും തോറും വീതികുറഞ്ഞു അഗ്രഭാഗത്തിന്റെ അടുത്ത് ചെറിയ വളവോടുകൂടി കൂര്‍ത്തതുമായ ഒരിനം വാളാണിത്.ഇതിന് കൈമറ ഉണ്ടായിരിക്കും.വൃത്താകൃതിയിലാണ് പരിജ.പരിജയ്ക്കുള്ളില്‍ കൈകോര്‍ത്തുപിടിക്കാനുള്ള വാറും,പിടിയും ഉണ്ടായിരിക്കും.ലോഹം കൊണ്ടോ നല്ല പതമുള്ള മരത്തിലോ ചൂരല്‍ വരിഞ്ഞോ ഇതുണ്ടാക്കാറുണ്ട്.ആറ് ചാണ്‍ മുതല്‍ ഒന്‍പത് ചാണ്‍ വരെ വ്യാസമാണ് പരിജക്കുണ്ടായിരിക്കുക.
5.ചുരിക:    ഇത് ഇന്ന് കളരികളില്‍ ഉപയോഗിക്കുന്നതായി കാണുന്നില്ല.വാളിനെക്കാള്‍ നീളം കുറഞ്ഞതും അഗ്രം കൂര്‍ത്തതും ഇരുവശങ്ങളും മൂര്‍ച്ചയുള്ളതും വാളിനെക്കാള്‍ അല്പം വീതികൂടിയതുമായ ഒരായുധമാണ് ചുരിക.വാളിന്റെ പിടിക്ക് കാണുന്ന മറ ചുരികയ്ക്ക് ഉണ്ടായിരിക്കില്ല.
6.ഉറുമി:    ഇത് അരയില്‍ ബെല്‍റ്റ് പോലെ ഉപയോഗിക്കാന്‍ പറ്റുന്നതും ആവശ്യാനുസരണം വലിച്ചൂരിയെടുക്കാന്‍ പറ്റുന്നതുമായ ഒരിനം ആയുധമാണ്.ഇതിന് വാളിനെ പോലെ കൈ പിടിയും പിടിയില്‍ നിന്നു മുന്നോട്ട് പോകും തോറും ക്രമേണെ ലോലമായി വരുന്നതും രണ്ടു വശങ്ങളും മൂര്‍ച്ചയുള്ളതും വാളിനെക്കാള്‍ മൂര്‍ച്ചയുള്ളതും വീതി കുറഞ്ഞതുമാണ്.നല്ല പരിശീലനം ഉള്ളവര്‍ക്കെ ഉരുമിയുടെ വശം കൊണ്ട് വെട്ടിമുറിക്കാന്‍ കഴിയുകയുള്ളൂ.അതുപോലെ സുഗമമായി ഉപയോഗിക്കാന്‍ മെയ്സ്വാധീനം നിബന്ധവുമാണ്.
7.ആരവാള്‍ :     ഉറുമിയെക്കാള്‍ നീളം കുറഞ്ഞതും ഒരു ബെല്‍റ്റിന്റെ അത്രയും നീളമുള്ളതുമായ ഒരിനം ആയുധമാണിത്.ഇരുവശങ്ങളും മൂര്‍ച്ചയുള്ളതും കനം കുറഞ്ഞു വളരെ നേര്‍ത്തതുമാണിത്.നല്ല പരിശീലനം ലഭിച്ച ഒരാള്‍ക്ക് മെയ് വഴക്കത്തോട് കൂടി ഇത് പ്രയോഗിച്ചാല്‍ ഏതൊരു ആള്‍കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിയ്ക്കും.
8.കുന്തം:     നീളമുള്ള ഒരു ദന്ധത്തിന്റെ അഗ്രത്തില്‍ ലോഹം കൊണ്ട് നിര്‍മിച്ച മൂര്‍ച്ചയുള്ള കത്തിപ്പോലെയുള്ള ഒന്നു പിടിപ്പിച്ച ഒരിനം ആയുധമാണ് കുന്തം.ആറുമുതല്‍ ഏഴു കൊല്‍ വരെയാണ് ഇതിന്റെ നീളം.ചൂരല്‍,ചന്ദനം,അകില്‍,കരിങ്ങാലി എന്നിവയാണ് ഇതിന്റെ ദന്ധായി ഉപയോഗിക്കുന്നത്.














                                                                                           



                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                 

അഭിപ്രായങ്ങളൊന്നുമില്ല: