വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2011

എന്താണ് ആയോധന വിദ്യ 1

ശരീരത്തിന്നുനേരെവരുന്ന പ്രതിയോഗിയുടെ ആക്രമത്തെ പ്രതിരോധിക്കുന്നതിന്നു വേണ്ടി നമ്മുടെ മുങ്കാമികള്‍ ചിട്ടപ്പെടുത്തിയ വയിക്രമത്തിലുള്ള ഒരു പരിശീലനത്തെയാണ് ആയോധനവിദ്യ എന്നു പറയുന്നതു. അത് ആയുധം എടുത്തുകൊണ്ടുള്ള പരിശീലനം മാത്രമാല്ല സ്വന്തം ശരീരം തന്നെ ആയുധമായി ഉപയോഗിക്കുവാനുള്ള പരിശീലനം കൂടിയാണത്.നമ്മുടെ ശരീരം തന്നെ ഒരായുധമാണല്ലോ.അത് എപ്പം,എങ്ങിനെ ഉപയോഗിക്കണമെന്ന് ഇതിലൂടെ പഠിക്കുന്നു.
ഇത് എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശത്തും പലവിദരീതികളില്‍ നിലവിലുണ്ട്.ജപ്പാനില്‍ കാരത്തെ ,ചൈനയില്‍ കുങ്ഗ്ഫു,കേരളത്തിലെ കളരി .......... 






കളരിപ്പയറ്റ്


                             ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ ദൈന്യംദിന പരിശീലനം കൊണ്ട് ശാരീരികാരോഗ്യപുഷ്ടി മാത്രമല്ല, ഉത്തമമായ ഒരായോധന മുറയില്‍ വൈദഗ്ദ്ധ്യം കൂടി ആര്‍ജ്ജിക്കുവാനുതകുന്നതും,ആത്മരക്ഷ്യയ്ക്കും ഒരുപോലെ അനുപേക്ഷണിയമായി തീരുന്നതും,കേരളത്തിന്‍റെ തന്നതായ ആയോധന സംബ്രദായമെന്നഭിമാനിക്കാവുന്നതുമായ ഒരു കായികകലയാണ് " കളരിപ്പയറ്റ് "
                            ചിരപുരാതനവും,കാലോചിതവുമായ ഒരു സ്വയരക്ഷാമാര്‍ഗ്ഗമാണിത്.ശരീരത്തെ ആയുധമാക്കിയും ബോധമണ്ഡലത്തെ സംശുദ്ധമാക്കിയും അഭ്യസിക്കുന്ന ഈ വിദ്യയില്‍ സ്വയരക്ഷാമാര്‍ഗ്ഗം രണ്ടു വിദത്തിലാണ് പഠിപ്പിക്കുന്നത്.
                         1.കായികാഭ്യാസത്തില്‍കൂടി മാനസിക പരിവര്‍ത്തനം.അതായത് അച്ചടക്കം,ക്ഷമ,ദയ,സഹജീവികളോടുള്ള ബഹുമാനം.
                         2.മാനസികപരിവര്‍ത്തനത്തിലൂടെ ആത്മീകത്തിലേക്കുള്ള വഴിതെളീക്കല്‍.ഇതാണ് കായികാഭ്യാസത്തിന്റെ അടിത്തറ.
                              ശരീരത്തിന്‍റെ സ്വാധീനത,കാലുകളുടെ വേഗത,കണ്ണുകളുടെ സൂക്ഷ്മത,കൈകളുടെ ലാഘവം ഇത്തരത്തിലുള്ള ശാരീരിക സിദ്ധികള് സ്വായത്തമാക്കുന്നതിന്നു വേണ്ടി പ്രതിഭാശാലികളായ ആചാര്യന്‍മാര്‍ ആവിശ്ക്കരിച്ചഅതുല്ല്യമായ അഭ്യാസ പദ്ധതിയാണ്  "കളരിപ്പയറ്റ്"
                               അച്ചടക്കത്തിലും ഗുരുഭക്തിയിലും അതിഷ്ഠിതമായ ഒരായോധനമുറയാണ് കളരിപ്പയറ്റ്.കളരിയിലേക്ക് പ്രവേശിക്കുന്നത് തന്നെ വലത് കാല്‍ വെച്ച് വേണമന്ന നിഷ്ക്കര്‍ഷ പോലും ഈ അച്ചടക്കപരിശീലനത്തിന്‍റെ ഭാഗമാണ്.
                                കളരിയിലെ ഗുരു-ശിഷ്യ ബന്ധം പണ്ടെത്തെ ഗുരുകുല പാരമ്പര്യങള്‍ക്കനുസൃതമായി തുടര്‍ന്നുവരുന്ന ഉത്തമമായ ഒന്നാണ്.അചഞ്ചലമായ അച്ചടക്കവും ആത്മാര്‍ത്ഥമായ സമര്‍പ്പണ മനോഭാവവും കൂടാതെ കളരിപ്പയറ്റിലെ അനര്‍ഘങ്ങളായ വിദ്യകള്‍ സ്വായത്തമാക്കാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.കളരി ഗുരുനാഥനും ഈ മഹത്തായ ഗുണവിശേഷം ശിഷ്യനില്‍  ഉണ്ടാക്കാന്‍  തക്ക യോഗ്യതയുള്ള ആളായിരിക്കണം.
                                വിദ്യയില്‍ അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്നവനും,ഗ്രഹണ ശക്തിയിലും,പ്രയോഗസാമര്‍ത്ഥ്യത്തിലും മികച്ച് നില്‍ക്കുന്നവനും,തികഞ്ഞ ആത്മസംയമനം പാലിക്കാന്‍ കഴിവുള്ളവനുമായ ശിഷ്യനില്‍ ഗുരുനാഥന്നു പ്രത്യക പ്രതിപത്തി ഉണ്ടാകും.
                                 പല ഗുരുനാഥന്‍മാര്ക്കും തങ്ങളുടെ അറിവിലുള്ള നിഗൂഢ വിദ്യകള്‍ പഠിപ്പിയ്ക്കാന്‍ മനസ്സിനിണങ്ങിയ ശിഷ്യന്മാരെ കിട്ടായ്കയാല്‍ ആര്‍ക്കും കൈമാറാനിടവരാതെ ആ ഗുരുഭൂതന്‍മാരോടൊപ്പം അത്തരത്തിലുള്ള വിദ്യകളും മന്‍മറഞ്ഞു പോയതായി പറയപ്പെടുന്നുണ്ട്.നമ്മുടെ വൈദ്യശാസ്ത്രത്തിലും ഇത് പോലെ മഹത്തരങ്ങളായ പല വിശിഷ്ട്ടചികില്‍സകളും,ഒറ്റമൂലി പ്രയോഗങ്ങളും ശിഷ്യര്‍ക്ക് കൈമാറാനിടവരാതെ നശിച്ചു പോയിട്ടുണ്ട്.
                                കളരിപ്പയറ്റന്ന മഹത്തായ വിദ്യ പഠിയ്ക്കാനും പഠിപ്പിക്കാനുമായി സ്വജീവിതം ഉഴിഞ്ഞുവെച്ച ബഹുമാന്യരായ ഗുരുനാഥന്‍മാര്‍ ശിഷ്യരില്‍നിന്ന് കൃത്യമായ പ്രതിഫലം ഈടാക്കുക പതിവില്ലായിരുന്നു.കളരിപ്പയറ്റില്‍ ഒരു പുതിയ ഇനം പഠിക്കാന്‍ തുടങ്ങുന്നത് ഗുരുനാഥന്നു പ്രത്യേകം ദക്ഷിണ നല്‍കീട്ടു വേണമെന്നാണ് വഴക്കം.
                               കളരികളില്‍ അദ്ധ്യായനം എല്ലാ ദിവസവും വര്ഷം മുഴുവനും പഠിപ്പിച്ച് പോന്നിരുന്നു.എന്നാല്‍ ചില കളരികളില്‍ ഉഷ്ണക്കാലത്ത് അദ്ധ്യായണം നിര്‍ത്തി വയ്ക്കുമായിരുന്നു.മഴക്കാലവും തണുപ്പ് കാലവുമാണ് എണ്ണതേച്ചുഴിയാനും,കഠിനവ്യായാമങ്ങള്‍ പരിശീലിക്കുവാനും പറ്റിയ കാലം.
                              കളരിപ്പയറ്റിന്നു മറ്റുള്ള ആയോധന സബ്രദായങ്ങളെ അതിശയിക്കുന്ന വൈശിഷ്ടം ഉണ്ടെന്ന് പറഞ്ഞേ തീരൂ.മറ്റ് വിദ്യകളെ പുച്ഛിക്കുകയോ,അവയുടെ പ്രാധാന്യത്തെ അവഗണിച്ചു കാണുകയോ അല്ല.ഞങ്ങളുടെ വന്ദ്യ ഗുരുഭൂതര്‍ പറയാറുണ്ടായിരുന്നതായി ഗുരുനാഥന്‍മാര്‍ പറയുമായിരുന്നു "എല്ലാ അഭ്യാസങ്ങളും നല്ലതാണ്. എന്നാല്‍ കളരി മറ്റ് അഭ്യാസങ്ങളുടെ മാതാവാണ്"എന്ന്.
                              മറ്റ് ആയോധന വിദ്യകളിലൊന്നും കാണാത്തതും,ശാസ്ത്രീയമായി സംവിധാനം ചെയ്തു ദേഹത്തിന്‍റെ സ്വാധീനത,കാലുകളുടെ ത്വരിത ചലനം,കൈകളുടെ അസാമാന്യ വേഗത,എന്നിവ സ്വായത്തമാക്കത്തക്കവിധം ചിട്ടപ്പെടുത്തിയതുമായ "മെയ്പ്പയറ്റ്" എന്ന അഭ്യാസം കളരിപ്പയറ്റിന്റെ മാത്രം പ്രത്യേകതയാണ്.ഇത് തന്നെയാണ് മറ്റുള്ളവയുമായി ഇതിനെ വിശിഷ്ട്ടമാക്കുന്നത്.
                                കളരിപ്പയറ്റ് ശരീരത്തിന്നും മനസ്സിന്നും ഉന്മേഷവും എകാഗ്രതയും തരുന്നു.ഇത് ശരീരത്തിലെ ദുര്‍മെദസ് മാറ്റി ആരോഗ്യവും രൂപവും നല്കുന്നതോടപ്പം ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതുമാണ്
                            കേരളീയ ജനജീവിതത്തിന്റെ സമസ്തമേഘലകളിലും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിരുന്ന തനത് ആയോധനകലയാണ് "കളരിപ്പയറ്റ്".സ്വയരക്ഷയ്ക്കും,മെയ് വഴക്കത്തിന്നുമുള്ള മുറകളെന്ന നിലയ്ക്ക് മാത്രമല്ല നാടിന്‍റെയും,സമുദായത്തിന്റെയും സ്വകാര്യ സൈന്യമെന്ന നിലക്കാനാതു.ഒരേ സമയം അനുഷ്ഠാനവും കലയുമാണ് കളരിപ്പയറ്റ്.
                           കളരി അദ്ധ്യാപനത്തിലൂടെ ഏകാഗ്രമായ ഒരു മനസ്സ് രൂപപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.അത് കൊണ്ട് തന്നെ അയാള്‍ ഓരോത്ത മനുഷ്യനായി തീരുന്നു.ഏതിനെയും നേരിടാന്‍ പ്രാപ്തമായ അവസ്ഥ കൈവരിക്കുന്നു.
                          പക്ഷിമൃഗാദികളുടെ സമര പരാക്രമരീതികളെ അനുകരിച്ചു കൊണ്ട് രൂപപ്പെടുത്തിയ ഒരുസമരമുരകൂടിയാണിത്.പൂച്ച,കുരങ്ങ്,കൊഞ്ച്,സിംഹം,ആന,പുലി,പാബ്,കോഴി,മഴില്‍,കുതിര,അരയണം തുടങ്ങി ഇത്യാദികളെയാല്ലാം മാതൃകയാക്കിയിട്ടുണ്ട്.
                         കളരിവിദ്യകളെ കുറിച്ച് വ്യക്തമായി പ്രതിപാതിക്കുന്ന ഒരു ആധികാരിക ഗ്രന്ഥം നമുക്ക് കഴിഞ്ഞ തലമുറകളില്‍ നിന്നു ലഭിക്കാതിരിക്കെ ഗുരുമുകത്ത് നിന്നു ലഭിക്കുന്ന അറിവുകള്‍ മാത്രമാണ് ഇന്നത്തെ കളരികളുടെ നിലനില്‍പ്പിനാധാരം.ഈ കലയില്‍ അന്തര്‍ഭവിച്ച് കിടക്കുന്ന ഓരോ പ്രയോഗവശങ്ങളെ കുറിച്ചും അതിന്‍റെ ഗുനപാഠങ്ങളെ കുറിച്ചും നാം കൂടുതല്‍ ബോധവാന്‍മാരാകേണ്ടതാണ്.
                        കളരി സംബ്രദായങ്ങള്‍ ഒരുപാട് വിധമുണ്ട്.പ്രധാനമായിട്ടുള്ളത് തുളുനാടന്‍,വടക്കന്‍,തെക്കന്‍,കടത്തനാടന്‍ എന്നിവയാണവ.അതല്ലാതെ കക്കിനാടന്‍,കാരനാടന്‍,വട്ടേന് തിരിപ്പ്,മദ്ധ്യകേരള,പയ്യനാടന്‍ എന്നീ അവാന്തര വിഭാഗങ്ങളുമുണ്ട്.
                       കേരളത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ പ്രചാരത്തില്‍ കണ്ടുവരുന്ന കളരിവിദ്യകളെ തെക്കന്‍ വിദ്യകള്‍ എന്ന് പറയുന്നു.ഇതില്‍ ചുവടുകള്‍ക്കാന് പ്രാധാന്യം.അതുകൊണ്ടു ആക്രമണ പ്രത്യാക്രമണ മുറകള്‍‍ കൂടുതലായി പഠിപ്പിക്കുന്നു.കേര‍ളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കണ്ടു വരുന്ന മറ്റൊരു മുറയാണ് വടക്കന്‍.ഇതില്‍ അമര്‍ന്നുകൊണ്ടുള്ള മെയ്പ്പയറ്റുകള്‍ക്കാന് പ്രാധാന്യം.മെയ്യഭ്യാസവും,പകര്‍ച്ചകാലും ധാരാളമായി പഠിപ്പിക്കുന്നു.
                      വ്യത്യസ്ഥമായ ചുവടുകളും നിലംപ്പറ്റി അമര്‍ന്നുകൊണ്ടുള്ള മെയ്പ്പയറ്റുകളും ആണ് തുളുനാടന്‍ വിദ്യയില്‍ കൂടുതല്‍ കണ്ടുവരുന്നത്.കൂട്ടതല്ലുകള്‍ക്കാന് ഇതില്‍ പ്രാമുക്യം കണ്ടുവരുന്നത്.
                      തെക്ക് മൂരാട് പുഴ മുതല്‍ വടക്ക് മാഹി പുഴവരെയും അറബിക്കടല്‍ മുതല്‍ വയനാടന്‍ അതിര്‍ത്തിവരെയുമാണ് കടത്തനാടന്‍.ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന വിദ്യകള്‍ക്കാന് കടത്തനാടന്‍ വിദ്യ എന്ന് പറയുന്നതു.ഇതില്‍ കൈകുത്തിപയറ്റുകള്‍ക്കാന് പ്രാധാന്യം.ഇതൊക്കെയാണങ്കിലും എല്ലാ ആയോധന മുറകളുടെയും അടിസ്ഥാന തത്ത്വങ്ങള്‍ ഒന്നുതന്നെയാണന്ന് പറയാവുന്നതാണ്.
                      ഇതൊക്കെയാണെങ്കിലും ഇനിപ്പറയുന്ന കാര്യങ്ങള്‍ സൂക്ഷ്മം ശ്രദ്ധിയ്ക്കുക.
                      നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന കളരിയഭ്യാസം ആയോധനഭ്യാസത്തിന്നു ഉപരിയായി തന്നെത്താന്‍ അറിയുകയെന്ന ശരീരശാശ്ത്രം പഠിപ്പിക്കുന്നു.  
കളരിയെന്നാല്‍ .......
കളം+രി=കളരി
കളം =ഭൂമദ്ധ്യം(സുഷ്മുന)
രി=പ്രാണന്‍റെ ശബ്ദം.
കളരി അഭ്യാസമെന്നാല്‍ സുഷ്മുനയില്‍ (കളത്തില്‍) നില്‍ക്കുന്ന പ്രാണന്‍റേ ശബ്ദത്തില്‍ (രി) മനസ്സ് ലയിപ്പിക്കുന്നത്.
                                 "ഖുദാകൊണ്ടറിഞ്ഞ തടി
                                   ആയത്തുല്‍ മഅരിഫിയ
                                  അറിവാക്കളുള്ള കളരി "
ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടറിഞ്ഞ ശരീരത്തില്‍ ആയത്തായി(എഴുത്തായി) നിലനില്‍ക്കുന്ന ജീവാത്മാവും പരമാത്മാവും തമ്മില്‍ അലിഞ്ഞു ചേരുന്ന അറിവിന്‍റെ ഉറവിടമാണ് കളരി.
                  കളരി വിദ്യകള്‍ പഠിപ്പിക്കുന്ന ആള്‍ക്ക് ഗുരു എന്നാണ് പറയുന്നതു.ഗുരു എന്നാല്‍ ......
ഗു +രു=ഗുരു        , ഗു =ഇരുട്ട് ,       രു =ഇല്ലാതാക്കുന്നത് ,      ഗുരു =ഇരുട്ട് ഇല്ലാതാക്കുന്നത്   അതായത്
മനുഷ്യന്‍റെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദുഷ്ട്ട ചിന്തകളെ തന്‍റെ ഉപദേശം കൊണ്ട് ഇല്ലാതാക്കുന്നവന്‍.ജീവനെ കുറിച്ച് അറിഞ്ഞവനാണ് ഗുരു.


   കളരിയഭ്യാസത്തില്‍ അടങ്ങിയിരിക്കുന്ന ആറ് ഘടകങ്ങള്‍


1.മെയ്യഭ്യാസം: അസ്ഥി,ഞരമ്പുകള്‍,മാംസം,തോല്‍ മുതലായവയുടെ പ്രവര്‍ത്തനം സുഗമമാക്കുക.
2.പ്രധിരോധം: ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്തുക.
3.പ്രത്യാക്രമണം: ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുള്ള പഴുതുകള്‍ ഉണ്ടാക്കുക.
4.സ്ഥാനനിര്‍ണ്ണയം: അവരവര്‍ കൈകളാല്‍ എട്ട് ചാണ്‍ നീളമുള്ള മനുഷ്യശരീരത്തില്‍ നാഡീഞരമ്പു കളുടെ പിന്നലുകള്‍,പൊയ്കകള്‍ അഗ്രങ്ങളായി "108" മര്‍മ്മ സ്ഥാനങ്ങള്‍ ഉണ്ട്.ഈ 108 സ്ഥാനങ്ങളെ നിര്‍ണ്ണയം ചെയ്യുന്നത് സ്ഥാനനിര്‍ണ്ണയം.
5.മര്‍മ്മ ചികില്‍സ: മരമ്മ മാകുന്ന ജീവന്‍റെ സഞ്ചാരമാര്‍ഗ്ഗങ്ങളില്‍ ഉണ്ടാകുന്ന തടസ്സങ്ങളെ മാറ്റുന്നത്.അതായത് അസ്ഥി ഒടിഞ്ഞാലും,മാംസം ചതഞ്ഞാലും,മര്‍മ്മാഭിഘാതമെറ്റാലും അതിനെ ശരിപ്പെടുത്തുന്നത്.
6. മര്‍മ്മം അഭ്യസിക്കല്‍: തന്നില്‍ സ്ഥിതി ചെയ്തിരിക്കുന്ന മര്‍മ്മ മാകുന്ന ജീവനെ അഭ്യസിച്ച് കൈവശപ്പെടുത്തുന്നത്.  
ഈ ആറ് ഘടകങ്ങളും പഠിക്കുമ്പോള്‍ മാത്രമേ കളരി അഭ്യാസം പൂര്‍ത്തിയാകുകയുള്ളൂ.








.                                                                                                                                              (തുടരും)














                                                                                                                                    

അഭിപ്രായങ്ങളൊന്നുമില്ല: