വ്യായാമം ഏതു പ്രായത്തിലായാലും വേണ്ടതുതന്നെ. ചെറുപ്പകാലത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കില്‍ ഏതുപ്രായത്തിലും വ്യായാമം ആരംഭിക്കാവുന്നതാണ്.
നാല്‍പ്പതു വയസിനുശേഷം വ്യായാമം ശരീരത്തിന് ആവശ്യമാണ്. ജീവിതശൈലി രോഗങ്ങള്‍ പലതും കടന്നുവരുന്നത് ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും വ്യായാമം ശീലമാക്കണം. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ വ്യായാമത്തിന് എവിടെ സമയം ലഭിക്കാന്‍.
ശരീരം അനങ്ങാതെയുള്ള ജോലിയും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് ഇന്നത്തെ ജീവിത രീതി. പ്രത്യേകിച്ച് നാല്‍പ്പതു കഴിഞ്ഞവര്‍ കുട്ടികള്‍, കുടുംബം അങ്ങനെ നീളുന്നു അവരുടെ ജീവിതം. ഇതിനിടെ ഒത്തിരി ദൂരം നടക്കുകയോ, ഗോവണി കയറുകയോ ചെയ്യില്ല. അത്രയും സമയം കൂടി ലാഭിക്കാന്‍ യാത്ര വാഹനത്തിലാക്കും. ഗോവണി നടന്ന് കയറി ക്ഷീണിച്ച് വിയര്‍ക്കുന്നതിന് പകരം ലിഫ്റ്റ് ഉപയോഗിക്കും.
വ്യായാമം എന്തിന്
ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. രോഗങ്ങള്‍ പിടിപെടുന്നത് തടയുവാനും ചികിത്സകള്‍ കൂടുതല്‍ ഫലപ്രദമാകുവാനും ശാരീരികാധ്വാനം കൂടുതല്‍ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമത്തോളം ഫലപ്രദമായ മറ്റൊന്നില്ല. സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ വ്യായാമത്തിന് കഴിയുന്നു.
പതിവായി വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഉന്മേഷം ലഭിക്കുന്നു. കൃത്യമായ വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം മിനിറ്റില്‍ 45 മുതല്‍ 55 പ്രവശ്യം സ്പന്ദിക്കും. അപ്പോള്‍ പമ്പു ചെയ്യുന്ന അതേ അളവ് രക്തം പമ്പു ചെയ്യണമെങ്കില്‍ വ്യായാമം ചെയ്യാത്ത ആളിന്റെ ഹൃദയത്തിന് 70 മുതല്‍ 75 തവണ വരെ സപ്ന്ദിക്കേണ്ടിവരും.
കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി, കുടവയര്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍ വ്യായാമം വലിയൊരളവോളം സഹായിക്കുന്നു.
വ്യായാമം നല്‍കുന്നതെന്ത്
ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം, സൌഖ്യം, ശക്തി. ഓജസ്, മാനസിക സന്തോഷം, നല്ല ഉറക്കം, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു, രക്തസംക്രമണം വര്‍ധിപ്പിക്കുന്നു, പേശികളുടെ ബലം വര്‍ധിപ്പിക്കുന്നു തുടങ്ങിയവയാണ് ശരിയായ വ്യായാമം നല്‍കുന്നത്. ശരീരത്തിന്റെ യൌവനാവസ്ഥ നീണ്ടു നില്‍ക്കാന്‍ വ്യായാമം സഹായിക്കുന്നു എങ്കിലും മധ്യവയസ് പിന്നിട്ടവര്‍ക്ക് സ്വാസ്ഥ്യം നിലനിര്‍ത്താനാണ് ഇത് ഏറെ പ്രയോജനപ്പെടുന്നത്.
വ്യായാമം നിത്യ ശീലമാക്കുന്നവരുടെ രക്തക്കുഴലുകളിലൂടെ ശക്തിയോടെ രക്തപ്രവാഹം ഉണ്ടാകും. രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ വഴക്കമുണ്ടാകാനും നേര്‍ത്ത ലോമികളിലൂടെയുള്ള രക്തപ്രവാഹം സുഗമമാക്കാനും ഇതു സഹായിക്കും.
വ്യായാമം തിരഞ്ഞെടുക്കുമ്പോള്‍
പല തരത്തിലുള്ള വ്യായാമമുറകളുണ്ട്. നീന്തല്‍, നടത്തം, ഓട്ടം, എയ്റോബിക്സ്, സൈക്കിളിംഗ്, ജിംനേഷ്യം അങ്ങനെ നീളുന്ന വ്യായാമങ്ങള്‍. ഇതില്‍ ഏതു വ്യായാമം തെരഞ്ഞെടുക്കാനും ചെറുപ്പക്കാര്‍ക്ക് സാധിക്കും. എന്നാല്‍ നാല്‍പ്പതു കഴിഞ്ഞവര്‍ വ്യായാമമുറ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രായത്തിന് അനുസരിച്ചുള്ള വ്യായാമമുറ വേണം സ്വീകരിക്കാന്‍. പ്രായം മാത്രം പോരാ അവരവരുടെ ആരോഗ്യസ്ഥിതിയും അതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ നാല്‍പ്പതിനുശേഷം വ്യായാമം ചെയ്യാന്‍ തുടങ്ങുന്നവര്‍ ഏതെങ്കിലും ഫിസിഷനെ കണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം തുടങ്ങണം.
ഏത് രോഗക്കാര്‍ക്കും അവരുടെ രോഗത്തിന്റെ സ്വഭാവമനുസരിച്ച്, അവര്‍ക്ക് ചേരുന്ന വ്യായാമങ്ങള്‍ ഉണ്ട്. അതറിയാന്‍ ഒരു ഫിസിയാട്രിസ്റിന്റെ സഹായം തേടാവുന്നതാണ്.