ബുധനാഴ്‌ച, ഡിസംബർ 28, 2011

കളങ്ങള്‍ എന്ന മാസ്മരിക ചുവട്

            ശരീരത്തിന്റെ ബാലന്‍സ് നിലനിറുത്തിക്കൊണ്ട് ചില പ്രത്യേക രീതികളില്‍ മുന്നോട്ടോ,പിന്നോട്ടോ,ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലെക്കൊ -ശത്രുവിന്റെ മര്‍മ്മസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി അടിക്കുകയോ,ഇടിക്കുകയോ,വെട്ടുകയോ,കൊളുത്തിവലിക്കുകയോ ചെയ്യാന്‍ വേണ്ടി -കയറുകയും,ഇറങ്ങുകയും ചെയ്യുന്നതിനെയാണ് "കളങ്ങള്‍ " എന്ന് പറയുന്നത്.ഇതിന് ചിലര്‍ ചുവട് എന്നും പറഞ്ഞു വരുന്നുണ്ട്.
                   ഒന്ന് മുതല്‍ അറുവത്തിനാല് കളങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.കളങ്ങള്‍ മുഴുവനും ശാസ്ത്രീയമായിട്ടും വ്യക്തമായും പഠിച്ച ഒരായോധന വിദ്യാര്‍ത്ഥിക്ക് അഭ്യാസങ്ങള്‍ എത്ര ചെയ്താലും തീരില്ല എന്നതാണ് ഇതിന്റെ ഗുണം. അഭ്യാസങ്ങള്‍ എന്ന് പറയുമ്പോള്‍ കാഴ്ച്ചപ്പയറ്റല്ല,ആന്തരിക വിദ്യകളാണ് തീരില്ല എന്ന് പറഞ്ഞത് .ഒരു വിദ്യക്ക് പതിനെട്ട് ഭാഗങ്ങള്‍ ഉണ്ട്.അതായത് ഒരു പിടിമുറയില്‍ ഒരാളെ ബന്ദ് ചെയ്താല്‍ അതിനൊരു ഒഴിവുണ്ട്.ആ ഒഴിവിന് വീണ്ടും ഒരു ബന്ധനം.അതിന് മറ്റൊരു ഒഴിവ് .അതിന് വീണ്ടും ....... ഇങ്ങനെ പതിനെട്ട് എണ്ണം.എവിടെ തീരുന്നു അഭ്യാസം.     
                          ഒരു കാല്‍ മുന്നില്‍ വെച്ചാല്‍ അതിന് പതിനെട്ട് പ്രയോഗങ്ങള്‍ ഉണ്ടായിരിക്കും.അതാണ്  പതിനെട്ടടവ് എന്ന് പറയുന്നത്.അല്ലാതെ പതിനെട്ട് മുറകള്‍ക്കെല്ലാ.ഇന്ന് ഏതാണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം കളരികളിലും പതിനെട്ട് മുറകള്‍ പഠിപ്പിച്ച് ഇതാണ് പതിനെട്ടടവുകള്‍ എന്ന് പറഞ്ഞ് കൊടുക്കുന്നുണ്ട്.അതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം. ഏതൊരു പ്രവര്‍ത്തിക്കും രണ്ട് വശമുണ്ട്.ഒന്ന് ബാഹ്യമായിട്ടുള്ളത്.രണ്ടാമത്തേത് ആന്തരികമായിട്ടുള്ളതും.കളരിയുടെ ആന്തരിക വശമറിഞ്ഞ ഒരാള്‍ -അയാളോട്  സകറാത്തുല്‍ മൌത്തിന്റെ സമയത്ത് (മരണ സമയത്ത്) കളരി എന്ന് പറയപ്പെട്ടാല്‍ അയാള്‍ കണ്ണ് തുറന്ന് നോക്കുമെന്ന് ഞങ്ങളുടെ ഗുരുഭൂതര്‍ പറയാറുണ്ടായിരുന്നു.
                         പയറ്റ് മുറയിലെ പ്രധാന ഇനമായ ഒറ്റപ്പയറ്റിലെ ചുവടുകള്‍  64 എണ്ണമാണ് എന്ന് ഇതിന്നു മുംബ് പറഞ്ഞിരുന്നല്ലോ.കളവും  64 എണ്ണമാണ്.അപ്പോള്‍ തന്നെ കളങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുമല്ലോ.എല്ലാ വിദ്യകളെയും പോലെ ഇതിനെയും പല ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.
1.ഒറ്റച്ചുവട് :  ഇടത് കാല്‍ മാറ്റാതെ അല്ലെങ്കില്‍ വലത് കാല്‍ മാറ്റാതെ അടുത്ത കാല്‍ ചില പ്രത്യേക രീതികളില്‍ അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി നാലു ഭാഗത്തേക്കും ചില പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍ .
2.ഇരട്ടച്ചുവട് :  രണ്ട് കാലും പ്രത്യേക രീതികളില്‍ രണ്ട് കളത്തില്‍ (സ്റ്റെപ്പ്) അതിനനുസരിച്ചുള്ള അമര്‍ച്ചയോട് കൂടി കഴറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവടുകള്‍.
3.മുച്ചുവട്: രണ്ട് കാലും മൂന് കളങ്ങളില്‍ പ്രത്യേക രീതിയില്‍ തിരിഞു കയറുകയും ഇറങ്ങുകയും ചെയ്ത് പ്രയോഗങ്ങള്‍ നടത്തുന്ന ചുവട്.
4.കൂട്ടച്ചുവട്:  രണ്ട് കാലുകളും യഥേഷ്ടം നിശ്ചിത കളങ്ങളില്‍ കയറി ഇറങ്ങി പ്രയോഗങ്ങള്‍ നടത്താനുള്ള ചുവട്.
5.പേരിക്കച്ചുവട്:  ഗുണന രൂപത്തില്‍ കയറി ഇറങ്ങി പ്രയോഗം നടത്താനുള്ള ചുവട്.
6.കുഴിച്ചുവട്:   ഒരു പ്രത്യേക തരം ചുവടുകള്‍  .
7.തട്ടുമാര്‍മ്മച്ചുവട്:  പ്രധാനപ്പെട്ട ചില പ്രയോഗങ്ങള്‍ നടത്താനുള്ള ചുവടുകള്‍.
8.പാച്ചില്‍ച്ചുവട്:  എതിരാളികളുടെ ആക്രമണ സ്വഭാവം മനസ്സിലാക്കി കൂട്ടത്തിലേക്ക് കയറി ആക്രമിക്കാനുള്ള ചുവട്.
അങ്കച്ചുവട്,ചതുരച്ചുവട്,ചൊട്ടച്ചാണ്‍ ചുവട്,നീട്ടചുവട് തുടങ്ങി ഒട്ടനേകം വിവിധ രീതികളിലുള്ള കളങ്ങള്‍ പ്രയോഗത്തിലുണ്ട്.കുഴിച്ചുവട് എന്നത് ഒരു ചുവടല്ല.അതില്‍ ഒരുപാട് ചുവടുകള്‍ ഉണ്ട്.അങ്ങനെയങ്ങനെ എത്ര ചുവടുകള്‍  .  




അഭിപ്രായങ്ങളൊന്നുമില്ല: