ബുധനാഴ്‌ച, ഡിസംബർ 31, 2014

വ്യായാമത്തില്‍ ശ്രദ്ധിക്കൂ



എങ്ങനെയൊക്കെ വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. വ്യായാമം ചെയ്യുന്നതു കൊണ്ടായില്ല, അത് വേണ്ട രീതിയില്‍ ചെയ്താലേ ഗുണം ലഭിക്കൂ. വ്യായാമം ചെയ്തിട്ട് അതിന്റെ പിന്നാലെ ശ്വാസം വിടാന്‍ പോലുമാകാതെ ഭക്ഷണം കഴിച്ചാലോ. പിന്നെ വ്യായാമത്തെ പഴി ചാരിയിട്ട് കാര്യമുണ്ടോ?
ശരിയായ രീതിയിലുള്ള ഭക്ഷണക്രമം വണ്ണം കുറയാന്‍ വളരെ അത്യാവശ്യമാണ്. ആവശ്യമായ ഭക്ഷണത്തിന്റെ അളവ് പലരിലും പലതരത്തിലാണ്. നിങ്ങളുടെ ദിനചര്യയും ചെയ്യുന്ന ജോലിയും പ്രവൃത്തികളും അനുസരിച്ചാണ് ഏതു തരം ഭക്ഷണമാണ് നിങ്ങള്‍ കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍.
ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ഒരാള്‍ ബാക്കി സമയം മുഴുവന്‍ വെറുതേയിരിക്കുകയും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെങ്കില്‍ അയാളുടെ വണ്ണം കുറയില്ല. നിങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഏതൊക്കെയെന്ന് മനസിലാക്കാന്‍ ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഭക്ഷണക്രമത്തോടും വ്യായാമത്തോടും പലരുടേയും ശരീരം പല തരത്തിലായിരിക്കും പ്രതികരിക്കുക. വ്യായാമം തുടങ്ങി ഉടനെത്തന്നെ തടി കുറയണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ചിലരില്‍ നാലുദിവസം കൊണ്ട് വ്യത്യാസം കാണാം. ചിലര്‍ രണ്ടാഴ്ച കഴിഞ്ഞാലും അല്‍പം പോലും കുറഞ്ഞില്ലെന്നും വരാം. അതുകൊണ്ട് നമ്മുടെ ശരീരം വ്യായാമത്തോട് പ്രതികരികരിക്കുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.
ഒരേ രിതിയിലുള്ള വ്യായാമം പതിവായി ചെയ്താല്‍ ശരീരം അതുമായി ഇഴുകിച്ചേരും. അപ്പോള്‍ വ്യായാമം കൊണ്ട് വിചാരിച്ച പ്രയോജനം കിട്ടിയെന്ന് വരില്ല. വ്യത്യസ്തരീതികളിലുള്ള വ്യായാമം മാറിമാറി ചെയ്യണം. പതിയെപ്പതിയെ കൂടുതല്‍ കഠിനമായ വ്യായാമരീതികള്‍ അവലംബിക്കണം.
വ്യായാമം ചെയ്യുമ്പോള്‍ കാര്‍ഡിയോ, വെയിറ്റ് വ്യായാമങ്ങള്‍ കൂടിക്കലര്‍ത്തി വേണം ചെയ്യാന്‍. വണ്ണം കുറയുകയാണ് പ്രധാന ഉദ്ദേശ്യമെങ്കില്‍ ട്രെഡ്മില്‍, വാക്കര്‍,സ്റ്റെപ്പുകള്‍ കയറിയിറങ്ങുക, സൈക്കിള്‍ ചവിട്ടുക, ജോഗിങ്ങ് തുടങ്ങിയവ വണ്ണം കുറയാന്‍ സഹായിക്കുന്ന പ്രധാന വ്യായാമങ്ങളാണ്. ഭാരമുയര്‍ത്തി ചെയ്യുന്ന വ്യായാമങ്ങള്‍ പ്രധാനമായും മസിലുകള്‍ ബലപ്പെടുത്താന്‍ വേണ്ടിയാണ്.
ഹോര്‍മോണ്‍ വ്യതിയാനവും വണ്ണം കുറയാതിരിക്കാനുള്ള ഒരു പ്രധാന കാരണമാണ്. തൈറോയ്ഡ് പ്രശ്‌നങ്ങളുളളവര്‍ പൊതുവേ വണ്ണം വയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരക്കാന്‍ വ്യായാമം ചെയ്താലും കാര്യമായ വ്യത്യാസങ്ങളുണ്ടാകാറില്ല. ഡോക്ടറുടെ ഉപദേശം തേടുകയാണ് ഇതിനുള്ള പ്രതിവിധി.
കാരണം മനസിലാക്കി കൃത്യമായ പ്ലാനിംഗിലൂടെ വ്യായാമം ചെയ്തിട്ടേ കാര്യമുള്ളൂയെന്ന കാര്യം ഓര്‍ത്തിരിക്കുക.